മുംബൈ: രാജ്യശ്രദ്ധ നേടിയ നാസിക് ടാറ്റാ കൺസൾട്ടൻസി സർവീസസ് ലൈംഗിക പീഡന, മതപരിവർത്തനക്കേസിലെ മുഖ്യപ്രതികളിലൊരാളായ നിദാ ഖാൻ അറസ്റ്റിലായി. 40 ദിവസത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സംഭാജിനഗറിൽ നിന്നാണ് പോലീസ് പിടികൂടിയത്. നാസിക് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും ക്രൈംബ്രാഞ്ചും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
വ്യാഴാഴ്ച രാത്രി വൈകിയാണ് നിദാ ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മേയ് രണ്ടിന് നാസിക് സെഷൻസ് കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടിസിഎസ് ബിപിഒ യൂണിറ്റിലെ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ചു, മതപരമായ കാര്യങ്ങൾക്കായി സമ്മർദം ചെലുത്തി, ജാതി അധിക്ഷേപം നടത്തി തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
നിദാ ഖാൻ കമ്പനിയുടെ എച്ച്ആർ ഹെഡ് ആണെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും, അവർ അവിടെ ജൂനിയർ ടെലികോളർ ആയി ജോലി ചെയ്തിരുന്ന ആളാണെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ടിസിഎസ് നാസിക് യൂണിറ്റിലെ വനിതാ ജീവനക്കാർ നൽകിയ ലൈംഗിക പീഡന പരാതികളിലൂടെയാണ് കേസ് പുറംലോകമറിഞ്ഞത്. ഒരു ദളിത് ജീവനക്കാരന്റെ പരാതിയെത്തുടർന്ന് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്ഥാപനത്തിനുള്ളിൽ ക്രമമായ രീതിയിലുള്ള 'ബ്രെയിൻ വാഷിംഗ്' നടന്നിട്ടുണ്ടെന്നും ഇതിൽ നിദാ ഖാന് കൃത്യമായ പങ്കുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന് പിന്നിലെ വലിയ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പിടിയിലായ നിദയെ ഉടൻ തന്നെ നാസിക്കിലെത്തിച്ച് കോടതിയിൽ ഹാജരാക്കും.